ജനപ്രിയ പോസ്റ്റുകള്‍‌

2012 സെപ്റ്റംബർ 30, ഞായറാഴ്‌ച

അമ്മ

                 നമ്മുടെ നാട്ടില്‍ ഒരു വീട്ടമ്മ ആരുടെയൊക്കെ പണികള്‍ ചെയ്യും? # വീട്ടില്‍ നാലാളുണ്ടെങ്കില്‍ നാല്പത് ഇഷ്ടങ്ങള്‍. എല്ലാം ഉണ്ടാക്കാന്‍ അമ്മ തന്നെ വേണം -

 അപ്പോള്‍ പാചകക്കാരിയെന്ന് വിളിക്കാം #
 ചെമ്മണ്ണ് പുരണ്ട് നിറം മാറിയ ഷര്‍ട്ടും ട്രൗസറും എത്ര തവണ അമ്മ അലക്കി വെളുപ്പിച്ചിരിക്കുന്നു - അലക്കുകാരി തന്നെ. #
 കണക്ക് തെറ്റിച്ചതിന് അമ്മ നുള്ളിയതിന്റെ പാട് ഇപ്പോഴുമില്ലേ കൈത്തണ്ടയില്‍ - അധ്യാപികയെന്ന് വിളിച്ചോളൂ. # ഉമ്മറവും അടുക്കളയും മാത്രമല്ല കക്കൂസും കുളിമുറിയും ഓവുചാലുമൊക്കെ വൃത്തിയാക്കാന്‍ അമ്മയുടെ ചൂലെത്തണം - അപ്പോള്‍ ശുചീകരണ തൊഴിലാളി # വയറുവേദന, തലവേദന, ജലദോഷം തുടങ്ങി എത്ര രോഗങ്ങള്‍ക്ക് അമ്മയുടെ മരുന്നുകള്‍ ആശ്വാസമേകി - ഡോക്ടര്‍ എന്നു വിളിക്കാമല്ലേ? # പനി പിടിച്ചു കിടക്കുമ്പോള്‍ തണുത്ത വെള്ളം മുക്കി തുടച്ചതും മുറിവില്‍ മരുന്നു പുരട്ടിയുണക്കിയതും മറന്നുപോയോ - നഴ്‌സുമാര്‍ തോറ്റു പോകും # സ്വന്തം കുഞ്ഞുങ്ങളെ മാത്രമല്ല വീട്ടിലെ എല്ലാ കുഞ്ഞുങ്ങളെയും നോക്കി വളര്‍ത്തിയില്ലേ - ശിശുപരിപാലകയെന്ന് വിളിക്കാം # എത്ര കുഴഞ്ഞു മറിഞ്ഞ മാനസിക പ്രശ്‌നങ്ങള്‍. അമ്മയില്ലായിരുന്നെങ്കില്‍ എത്ര ആത്മഹത്യകള്‍ നടന്നേനെ - സൈക്കോളജിസ്റ്റ് അല്ലേ? # മുട്ട വിറ്റു കിട്ടിയതും തേങ്ങ കൊടുത്തതും ഒക്കെയായി അമ്മയുടെ പെട്ടിയില്‍ ഒളിച്ചിരുന്നു എപ്പോഴും കുറച്ചു കാശ്. അതുകൊണ്ട് അമ്മ നടത്താത്ത കാര്യങ്ങളില്ല - ഫൈനാന്‍സ് മാനേജര്‍ തസ്തികയില്‍ നിയമിക്കാം # കല്യാണം, പിറന്നാള്‍, ചോറൂണ്, മരണം - എത്രയെത്ര ഇവന്റുകള്‍ അമ്മ മാനേജ് ചെയ്തു - ഇവന്റ് മാനേജര്‍ ആക്കിയാലോ # അമ്മപ്പോലീസ് ഇല്ലായിരുന്നെങ്കില്‍ എന്തൊക്കെ നടന്നേനെ. അടി പിടി വെട്ട് കുത്ത്്... - പോലീസ് തന്നെ # വയസ്സായവരെ നോക്കാന്‍ അമ്മയ്ക്ക് പ്രത്യേക മിടുക്കുണ്ടെന്ന് അമ്മൂമ്മ പറയുന്നതു കേട്ടു അഭിമാനിച്ചപ്പോള്‍ അറിഞ്ഞിരുന്നോ അതിനു പുറകിലുള്ള അധ്വാനം - ജിറിയാട്രിക് നഴ്‌സ് എന്നു വിളിക്കണം # മുറ്റത്തെ ചട്ടികളില്‍ പൂച്ചെടികള്‍ നിറഞ്ഞതും അടുക്കളപ്പുറത്ത് പച്ചമുളകും ചീരയും ചേമ്പു ചേനയുമൊക്കെ തലയാട്ടി നിന്നതും അമ്മയുടെ കൈപ്പുണ്യം കൊണ്ടായിരുന്നു. പശുവും ആടും കോഴിയുമൊക്കെ അമ്മയ്ക്ക് മക്കളെപ്പോലെത്തന്നെ ആയിരുന്നു - കര്‍ഷക, തോട്ടക്കാരി എന്തൊക്കെ വിശേഷണങ്ങള്‍ വേണ്ടിവരും? ഈ കണക്കെടുപ്പിന് ഒരു അന്തവുമുണ്ടാകില്ലെന്ന് എനിക്കും നിങ്ങള്‍ക്കും അറിയാം. ഇതൊക്കെ അമ്മയല്ലാതെ മറ്റൊരാളെക്കൊണ്ട് ചെയ്യിക്കേണ്ടി വന്നാലോ. കാശു കൊടുത്ത് മുടിഞ്ഞതു തന്നെ. അമേരിക്കയില്‍ കഴിഞ്ഞ മെയില്‍ രസകരമായ ഒരു പഠനം നടന്നു. പുറത്ത് ഒരു പണിക്കും പോകാത്ത ഒരു വീട്ടമ്മ ചെയ്യുന്ന ജോലികള്‍ക്ക് ശമ്പളം കൊടുത്താല്‍ ഒരു വര്‍ഷം എത്ര കൊടുക്കേണ്ടി വരും? 1.34 ലക്ഷം ഡോളര്‍ എന്നാണ് പഠനം നടത്തിയ സാലറി.കോം സാമ്പത്തിക വിദഗ്ധര്‍ കണ്ടെത്തിയത്. അമേരിക്കയിലെ ഒരു ജഡ്ജിയുടേയോ പ്രമുഖ കമ്പനികളിലെ മാര്‍ക്കറ്റിങ് ഡയറക്ടറുടെയോ വേതനത്തിന് ഒപ്പം വരുമിത്. വീട്ടുപണിക്കു പുറമേ ജോലിക്ക് പോകുന്ന സ്ത്രീയുടെ വീട്ടുപണിക്ക് കൂലി നിശ്ചയിച്ചാലോ - സാധാരണ വരുമാനത്തിന് പുറമേ 85,876 ഡോളര്‍ കൂടി പ്രതിവര്‍ഷം കൊടുക്കേണ്ടി വരും. ആഴ്ചയില്‍ 91.6 മണിക്കൂറാണ് ഒരു വീട്ടമ്മ പണിയെടുക്കുന്നത്. അതായത് ഒരു ദിവസം 13 മണിക്കൂറിലേറെ. പുറംജോലി ചെയ്യുന്ന വീട്ടമ്മയാണെങ്കില്‍ അത് പതിനഞ്ച് മണിക്കൂറോളമാവും. പക്ഷേ, അവര്‍ക്ക് കിട്ടുന്ന പ്രതിഫലമോ? സ്വന്തം വീട്ടില്‍ പോലും അവകാശമില്ലാത്തവര്‍. സ്വന്തമായി ഒരു പിടി മണ്ണു പോലും ഇല്ലാത്തവര്‍. ഈ കണക്കൊക്കെ പറയാന്‍ കാരണമെന്തെന്നല്ലേ? വീട്ടമ്മമാര്‍ക്ക് ഭര്‍ത്താക്കന്മാര്‍ മാസശമ്പളം നല്‍കണമെന്ന് കേന്ദ്രനിയമം വരാന്‍ പോകുന്നത്രേ. കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയമാണ് ഇങ്ങനെയൊരു ശുപാര്‍ശ മുന്നോട്ടു വച്ചിരിക്കുന്നത്. വാര്‍ത്ത കാണേണ്ട താമസം പലരുടെയും നെറ്റി ചുളിഞ്ഞു. ഇങ്ങനെയാണെങ്കില്‍ ഞാനും രാജിവച്ചു വീട്ടിലിരിക്കാന്‍ പോവുകയാണെന്നു വരെ പറഞ്ഞു ചില സുഹൃത്തുക്കള്‍. പട്ടിണി കിടന്നാലും വേണ്ടില്ല, അവള്‍ക്ക് ശമ്പളം കൊടുക്കാന്‍ പറ്റില്ല എന്നു തന്നെ. ഭര്‍ത്താക്കന്മാര്‍ പലതരമുണ്ടെന്ന് പറഞ്ഞാല്‍ പിണങ്ങരുത്. 1 - സ്വന്തം ശമ്പളം കൃത്യമായി ഭാര്യയുടെ കയ്യില്‍ ഏല്പിക്കുകയും വണ്ടിക്കൂലിക്കുള്ള പണം പോലും ഭാര്യയോട് വാങ്ങുകയും ചെയ്യുന്നവര്‍. 2- ശമ്പളം കിട്ടിയാല്‍ ഒരു നയാപൈസ പോലും ഭാര്യയ്ക്ക് കൊടുക്കാത്തവര്‍. വരവും ചെലവും ബാധ്യതയും എത്രയാണെന്നു പോലും ഭാര്യയോട് പറയില്ല. 3 - ഭാര്യ താണുവീണു ചോദിച്ചാല്‍ കുറച്ചൊക്കെ കാശ് കൊടുക്കും. പക്ഷേ, പത്തു തവണയെങ്കിലും ചോദിക്കാതെ ഒന്നും കിട്ടുമെന്ന് പ്രതീക്ഷിക്കണ്ട. 4 - ഭാര്യയുടെ ശമ്പളം കൂടി പിടിച്ചു പറിച്ചെടുക്കുന്നവര്‍. അണ, പൈസ കണക്ക് ബോധിപ്പിക്കാതെ ഇവര്‍ ഭാര്യയെ വെറുതെ വിടില്ല. 5 - ജനാധിപത്യ വിശ്വാസികള്‍. വരവും ചെലവും നീക്കിയിരിപ്പും ബാധ്യതകളുമെല്ലാം ഭാര്യയോട് കൂടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നവര്‍. പണപ്പെട്ടിക്ക് പൂട്ടും താക്കോലും വേണമെന്ന് ഇക്കൂട്ടര്‍ക്ക് നിര്‍ബന്ധം കാണില്ല. കോടതിയില്‍ ക്ലര്‍ക്കായിരുന്ന എന്റെ അപ്പൂപ്പന്‍ ആദ്യം പറഞ്ഞ വിഭാഗക്കാരനായിരുന്നു. ശമ്പളം മുഴുവന്‍ അമ്മൂമ്മയുടെ കയ്യില്‍ കൊടുക്കും. എന്നു വച്ച് അമ്മൂമ്മയ്ക്ക് തോന്നിയതു പോലെ ചെലവാക്കാനൊന്നും അനുവാദമില്ല കേട്ടോ. കണക്കു കിറുകൃത്യം. എന്റെ അച്ഛനാകട്ടെ അഞ്ചാം വകുപ്പില്‍ പെടുന്നയാളാണ്. കാശു വച്ച അലമാര ഒരിക്കലും പൂട്ടാത്ത പ്രകൃതക്കാരന്‍. ആവശ്യത്തിന് മാത്രം വേണ്ടതാണ് പണമെന്ന് വിശ്വസിക്കുന്നയാള്‍. പുസ്തകം വാങ്ങുക എന്ന ഒരൊറ്റ കാര്യത്തിന് മാത്രമേ അച്ഛന്‍ നിര്‍ലോഭം പണം ചെലവാക്കുന്നത് കണ്ടിട്ടുള്ളൂ. രണ്ടും മൂന്നും നാലും വിഭാഗക്കാര്‍ ഉളളയിടത്ത് ഒരു നിയമവും ഏശില്ല. കേന്ദ്ര സര്‍ക്കാരല്ല സുപ്രീം കോടതി പറഞ്ഞാലും അവര്‍ ആര്‍ക്കും ശമ്പളം കൊടുക്കുമെന്ന് കരുതാന്‍ വയ്യ. അപ്പോള്‍ പിന്നെ നിയമം കൊണ്ട് എന്തു കാര്യം? സ്ത്രീ സംരക്ഷണത്തിനെന്ന പേരിലുള്ള അസംഖ്യം നിയമങ്ങള്‍ പോലെ ഇതും ഏട്ടിലെ പശുവാകുകയേ ഉള്ളൂ. Fun & Info @ Keralites.net വാസ്തവത്തില്‍ ഇത് ഒരു കുടുംബ കലഹമാക്കാന്‍ ഇട നല്‍കാതെ സര്‍ക്കാരിന് പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ. വിവിധ തൊഴില്‍ ചെയ്യുന്നവര്‍ തൊട്ട് തൊഴിലില്ലാത്തവര്‍ക്ക് വരെ പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കുന്ന സര്‍ക്കാരിന് വീട്ടമ്മമാര്‍ക്ക് ശമ്പളം കൊടുത്താലെന്താണ്? പല യൂറോപ്യന്‍ രാജ്യങ്ങളിലും കുട്ടികളെ നോക്കാന്‍ വേണ്ടി ജോലി സ്വീകരിക്കാതെ വീട്ടിലിരിക്കുന്ന രക്ഷകര്‍ത്താക്കള്‍ക്ക് അലവന്‍സ് ഉള്ളതായി കേട്ടിട്ടുണ്ട്. സത്യമാണോ എന്നറിയില്ല. കുട്ടികളെ നോക്കുക എന്നത് രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കും ആവശ്യമായ കാര്യമാണെന്നതു കൊണ്ടാവുമല്ലോ അങ്ങനെ ചെയ്യുന്നത്. അങ്ങനെയെങ്കില്‍ രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് ഇത്രയേറെ സംഭാവന ചെയ്യുന്ന വീട്ടമ്മമാര്‍ക്ക് സര്‍ക്കാരിന് അലവന്‍സ് കൊടുത്തുകൂടേ? കാണാപ്പണിയുടെ തീച്ചൂളയില്‍ എരിയാന്‍ വിടാതെ അവരെ മനുഷ്യരായി അംഗീകരിച്ചുകൂടേ. ആത്മാഭിമാനത്തോടെ ജീവിക്കാന്‍ അവര്‍ക്ക് അവസരം നല്‍കിക്കൂടേ? ഏതു നിമിഷവും പെരുവഴിയിലേക്ക് വലിച്ചെറിയപ്പെടുമെന്ന ഭീതിയില്‍ ജീവിതകാലം മുഴുവന്‍ അനീതിയും അക്രമവും സഹിച്ച് കഴിയുന്നതില്‍ നിന്ന് അവര്‍ക്ക് മോചനം കൊടുത്തുകൂടേ? അമ്മയ്ക്ക് കൂലി കൊടുക്കുകയോ? അമ്മ ഇതൊക്കെ ചെയ്യുന്നത് കുടുംബത്തോടുള്ള സ്‌നേഹം കൊണ്ടല്ലേ? അമ്മ ദൈവമല്ലേ തുടങ്ങിയ ചില പഴയ ചതഞ്ഞ ചോദ്യങ്ങളുമായി ഒരുപാടുപേര്‍ രംഗത്തു വരുമെന്നറിയാം. അവരോട് തിരിച്ചു ചില ചോദ്യങ്ങള്‍ - നിങ്ങളുടെ അമ്മയക്ക് ഇഷ്ടപ്പെട്ട ഭക്ഷണം, നിറം, നടന്‍, നടി, പാട്ട് - ഇതൊക്കെ ഏതാണെന്ന് നിങ്ങള്‍ക്ക അറിയുമോ? ഒഴിവു സമയം കിട്ടിയാല്‍ അതെങ്ങനെ ചെലവഴിക്കാനാണ് അമ്മയ്ക്ക് ഇഷ്ടമെന്നു നിങ്ങള്‍ക്കറിയുമോ? അമ്മയുടെ കയ്യില്‍ കുറെ പണമുണ്ടായിരുന്നെങ്കില്‍ അത് എന്തുചെയ്യാനാകും അമ്മ ആഗ്രഹിക്കുക എന്ന് നിങ്ങള്‍ക്കറിയുമോ? കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ വനിതാ കമ്മീഷന്റെ അദാലത്ത്. നിറയെ ചുളിവുകള്‍ വീണ മുഖവുമായി കൂനിക്കൂടി ഒരു അമ്മ ഇരിക്കുന്നു. കുഴിയിലായ കണ്ണുകള്‍ ഇടയ്ക്കിടെ നിറഞ്ഞൊഴുകുന്നുണ്ട്. സംസാരിച്ചു തുടങ്ങിയപ്പോള്‍ സിനിമാക്കഥയെ വെല്ലുന്ന ജീവിത കഥ. വയസ്സ് 80-നു മേലെയായി. 45 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചു. നാല് മക്കള്‍. കൂലിപ്പണിയെടുത്ത് അവരെ വളര്‍ത്തി. 10 സെന്റ് പുറമ്പോക്കിലായിരുന്നു താമസം. പട്ടയം വാങ്ങാനെന്നു പറഞ്ഞ് മൂത്ത മകനും ഒരു മകളും കൂടി എന്തൊക്കയോ കടലാസുകള്‍ ഒപ്പിട്ടു വാങ്ങി. പിന്നെയാണ് മനസ്സിലാകുന്നത് സ്ഥലവും വീടും മകളുടെ പേരിലേക്ക് ആക്കിയെന്ന്. കുറച്ചു കഴിഞ്ഞപ്പോള്‍ അവിടെ നിന്ന് ഇറക്കിവിട്ടു. സ്വന്തമായി കിടപ്പാടം പോലുമില്ലാതെ ഭാര്യവീട്ടില്‍ കഴിയുന്ന ഇളയ മകന് ദയ തോന്നിയതു കൊണ്ട് അയാള്‍ക്കൊപ്പമാണ് താമസം


. മരുന്നു വാങ്ങാന്‍ പോലും പണം തരാത്ത മക്കളെപ്പറ്റി പറഞ്ഞ് തേങ്ങിക്കരഞ്ഞ ആ അമ്മ ചോദിച്ചു, 'ഞാന്‍ എത്ര പണിയെടുത്താണ് എന്റെ മക്കളെ വളര്‍ത്തിയതെന്ന് അറിയ്വോ? എന്നിട്ടും അവരെന്താ ഇങ്ങനെ? ' ഉത്തരം കിട്ടാത്ത ചോദ്യവുമായി അലയുന്ന അമ്മമാര്‍ ഒരുപാടുണ്ടിവിടെ. കുടുംബത്തിന് വേണ്ടി സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ മറന്നവര്‍. മോഹങ്ങള്‍ പൂട്ടി വച്ചവര്‍. സ്വന്തമെന്നു പറയാന്‍ ഒരു നിമിഷം പോലും കൈവശമില്ലാത്തവര്‍. ഭര്‍ത്താവിനെയും അയാളുടെ അച്ഛനമ്മമാരെയും ബന്ധുക്കളെയും സ്വന്തമെന്നതു പോലെ ശുശ്രൂഷിച്ചവര്‍. എത്ര പണം കൊടുത്താലും അവരുടെ സേവനത്തിന് മതിയായ പ്രതിഫലമാകില്ലെന്നറിയാം. എങ്കിലും അവര്‍ക്ക് ആത്മാഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിച്ച് ജീവിക്കാന്‍ ഉള്ള സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാക്കിക്കൊടുക്കാം. കാണാപ്പണിയില്‍ വെന്തെരിയാതെ അവരും മനുഷ്യരായി ജീവിക്കട്ടെ.

ആദ്യ രാത്രി

                                                        ആദ്യ രാത്രി


      ആകെ ക്ഷീണിച്ചിരിക്കുന്നു, രണ്ട് ദിവസമായിട്ടുള്ള ഓട്ടമാണ്.
 
   ഇപ്പോഴാണു ഒരു സ്ഥലത്ത് ഇരിക്കുന്നത്. ഉറക്കമാണെങ്കില്‍ ഇങ്ങെത്തിക്കഴിഞ്ഞു.

 ഈ പെണ്ണിനെയാണെങ്കില്‍ കാണുന്നുമില്ല. സമയം 12 കഴിഞ്ഞു. ആദ്യരാത്രിയാണെന്ന ബോധം ആ പോത്തിനില്ലല്ലോ. രണ്ട് സുലൈമാനി കുടിച്ചു ഉറക്കത്തെ തടഞ്ഞ് നിര്‍ത്തിയിരിക്കുകയാണ്.

 രണ്ടാമത്തെ സുലൈമാനി ചോദിച്ചപ്പഴേ ഉമ്മ ഫ്ലാസ്ക് എടുത്ത് കഴുകുന്നത് കണ്ട     
. ഇനിയും ചോദിച്ചാല്‍ ഫ്ലാസ്കെടുത്ത് തരും, കൂടെ കൂടെ ഉമ്മയെ ബുദ്ദിമുട്ടിക്കാതിരിക്കാന്‍.
 ഒരു ഗ്ലാസ്സ് പാലുമായി വരുന്ന കൊലുസിന്റെ ശബ്ദം കേള്‍ക്കാന്‍ മനം തുടിച്ചു.

 അല്ലാ... ഇക്ക ഉറങ്ങീലെ? എന്ന ചോദ്യവുമായി അവള്‍ മുറിയിലേക്ക് കടന്നുവന്നു. നീയേത് അടുപ്പില്‍ പോയി കിടക്കായിരുന്നെടീ എന്ന് ചോദിക്കാന്‍ വന്നെങ്കിലും കടിച്ചമര്‍ത്തി, 'എന്തേ വൈകിയേ?' എന്ന് മയത്തില്‍ ചോദിച്ചു. എല്ലാരേം പരിചയപ്പേടുകയായിരുന്നു... സ്വന്തം കെട്ട്യോനെ ഒറ്റക്കിരുത്തിയിട്ടാണോടി കുടുംബക്കാരെ പരിചയപ്പെടാന്‍ പോണത്?

'
 ഇല്ല, പറഞ്ഞില്ല, വീണ്ടും കടിച്ചമര്‍ത്തി. 'പാലെന്തേ?' എന്റെ ആ ചോദ്യത്തില്‍ പാലും തേനും ഒഴുകുന്നുണ്ടായിരുന്നു.
 ഇത്രേം സോഫ്റ്റായിട്ട് ഞാന്‍ തന്നെയാണോ സംസാരിക്കുന്നതെന്ന് ഞാന്‍ സംശയിച്ചു. പാലോ...? ഉറങ്ങുന്നതിന്ന് മുന്നെ പാല്‍ കുടിക്കുന്ന ശീലമുണ്ടോ? അങ്ങനെയൊന്നുമില്ല, പാലാണല്ലോ ആദ്യരത്രിയിലെ താരം, അതുകൊണ്ട് ചോദിച്ചതാ...

 എന്നാല്‍ ഞാന്‍ പാലുണ്ടോന്ന് ചോദിച്ചിട്ട് വരാം... മരിയാദക്ക് പാലെടുത്തുകൊണ്ടുവാടീ പുല്ലേ എന്നാണ് മനസ്സിലെങ്കിലും 'അല്ലെങ്കില്‍ വേണ്ട' എന്ന് പറഞ്ഞു. അതുകേട്ടപ്പോള്‍ അവള്‍ക്ക് എന്നെ പാല് കുടിപ്പിക്കാന്‍ വാശിയുള്ളപോലെ അടുക്കളയിലേക്ക് പോയി

. ദുബായില്‍ ഒണക്ക കുബ്ബൂസും ഉള്ളിക്കറിയുമായി കഴിയുന്ന ഞാന്‍ ഇന്നെങ്കിലും ലേശം പാല്‍ കുടിക്കാന്ന് വച്ചതാ.



.. അല്ലെങ്കിലേ ഞാന്‍ കൊണ്ടുവന്ന പിസ്തയും ബദാമുമൊന്നും അവരെനിക്ക് തരുന്നില്ല. ഞാന്‍ ദുബായില്‍ മൂന്ന് നേരവും പിസ്തയും ബദാമുമാണത്രേ കഴിക്കാറ്.
 അവരുണ്ടോ അറിയുന്നു ദുബായില്‍ പട്ടിണികിടന്നാലും മനുഷ്യന്‍ തടിക്കുമെന്ന്. അവള്‍ പാലുമായി കടന്നു വന്നു. അവളുടെ ഗ്ലാസ്സ് പിടിക്കുന്ന ശൈലി കണ്ടാലറിയാം ഒരു ചായപോലും ഉണ്ടാക്കാനറിയാത്തവളാണെന്ന്. 'ഇതായിക്കാ പാല്...' ആ പാല് വാങ്ങിച്ച് അവളുടെ കണ്ണിലേക്കൊരു കള്ളനോട്ടം നോക്കി ഞാന്‍ ഒരു സിപ്പ് എടുത്തിട്ട് ചോദിച്ചു ഇത് അല്‍ മറായി ആണോ... അല്‍ ഐനാണോ? ഇത് തിരിച്ചിലങ്ങാടിയല്ലേ ഇക്കാ? അതല്ലെടീ... ഈ പാല്‍...? അത് ഉമ്മ നിഡോ ഇട്ട് കലക്കിയതാ... നിഡോയൊക്കെ ഇത്ര ടേസ്റ്റുണ്ടല്ലേ... ഞാന്‍ മനസ്സില്‍ പറഞ്ഞു. അല്ലിക്കാ... മറായി ആരാ? മറായിയോ... ആ... അതോ... അത് ദുബായിലെ പാലിന്റെ പേരാണ്. ഇക്ക കണ്ടിട്ടുണ്ടോ? പിന്നേ... സൂപ്പര്‍ മര്‍ക്കറ്റില്‍ അടുക്കി വച്ചിട്ടുണ്ടാവും, ബ്രോക്കറുടെ കയ്യിലെ പെണ്‍കുട്ടികളെപ്പോലെ... പുതിയത് പുറകിലും, പഴയത് മുന്നിലും... അവളുടെ പെട്ടി അലക്ഷ്യമായി റൂമിന്റെ ഒരു മൂലയില്‍ കിടക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു.. 'ആ പെട്ടി എടുത്തു വെക്കുന്നില്ലേ?' അല്ലാഹ്... ഞാന്‍ മറന്നുപോയതാണെന്ന് പറഞ്ഞ് അവള്‍ പെട്ടിക്കടുത്തേക്ക് നടന്നു. 'ഇനിയിപ്പോ മതി പെണ്‍കുട്ടീ... നാളെയാക്കാം...' ആകെയുള്ള സമയം അവള്‍ പെട്ടിയുടെ മേല്‍ ചിലവഴിച്ചാലോ... അതാ പേടി. 'ഇക്ക സുബഹിക്ക് എണീയ്ക്കോ?' സുബഹിക്കെണിക്കേ... ഞാനോ... പണ്ട് ദുബായില്‍ വിസിറ്റ് വിസയില്‍ പണിയില്ലാതിരുന്നപ്പോള്‍ എണീറ്റിരുന്നു. പണി കിട്ടിയപ്പോള്‍ പിന്നെ സുബഹി ബാങ്കുപോലും കേട്ടിട്ടില്ല. പക്ഷേ അതിവളോട് പറയാന്‍ പറ്റില്ലല്ലോ.... രണ്ട് ദിവസം കഴിയുംബോള്‍ മനസ്സിലായിക്കൊള്ളും. 'ഉം... പക്ഷേ നാളെ വിളിക്കണ്ട... നല്ല ക്ഷീണമുണ്ട്, ഒന്നുറങ്ങണം.' 'ഉപ്പയും ഉമ്മയും എണിക്കോ?' 'പിന്നേ... അവരെന്നും എണീയ്ക്കും...' 'അല്ല, ആരും എണീക്കുന്നില്ലേല്‍ ഞാനായിട്ട് വെറുതേ എണീക്കണ്ടല്ലോന്ന് കരുതി ചോദിച്ചതാ...' ഇവളാള് കൊള്ളാല്ലോ... ഇത് നല്ല ഒരു ദാമ്പത്യത്തില്‍ കലാശിക്കുമെന്നുറപ്പായി. ഞാനും അവളും കട്ടക്ക് കട്ടക്ക് നില്‍ക്കുന്നുണ്ട്. ഇതുവരേയുള്ള പോക്ക് കണ്ടിട്ട് എന്നെ നിര്‍ത്താനുള്ള വര വരക്കാനുള്ള ചോക്ക് അവള്‍ എടുത്തുകഴിഞ്ഞു. അങ്ങനെ ആദ്യരാത്രി തന്നെ വിട്ടുകൊടുത്താല്‍ പറ്റില്ലല്ലോ... കുറച്ച് സ്റ്റ്രോങ് ആവാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. 'നിനക്കറിയോ ഞാന്‍ ഭയങ്കര സ്റ്റ്രിക്റ്റാണ്' അല്‍പ്പം ഘൗരവത്തോടുകൂടെ തന്നെ ഞാന്‍ പറഞ്ഞു. അത് കേട്ടപ്പോള്‍ അവള്‍ ഉറക്കെ ചിരിച്ചു. 'ഒന്നു പോ ഇക്കാ തമാശ പറയാതെ, ഇക്കായെ കണ്ടാലറിയാം ഒരു പാവാണെന്ന്.' കേട്ടോ...? ഒരു ശൂ.... സൗണ്ട് കേട്ടോ നിങ്ങള്‍? എന്റെ കാറ്റൊഴിഞ്ഞുപോയതാ... അങ്ങനെ ആ ശ്രമവും പരാജയപെട്ടു. ചമ്മല്‍ മുഖത്ത് കാണിക്കാതെ ഞാന്‍ പറഞ്ഞു...' ഞാന്‍ അത്ര പാവമൊന്നുമല്ല, നിനക്കറിയോ ഞാന്‍ ഒരു മൂര്‍ഖന്‍ പാമ്പിന്റെ കുട്ടിയെ അടിച്ചുകൊന്നിട്ടുണ്ട്' 'അതായിപ്പോ വല്ല്യ കാര്യം? എന്റെ വല്ല്യുമ്മ കുത്തിപിടിച്ച് നടക്കുന്ന വടികൊണ്ട് വല്ല്യ മൂര്‍ഖനെ കൊന്നിട്ടുണ്ട്' ഇവളെന്നെ ഫോമാവാന്‍ വിടുന്ന ലക്ഷണമില്ല, ഈ വല്ല്യുമ്മമാരൊക്കെ വടിയും കുത്തിപിടിച്ച് നടക്കുന്നത് പാമ്പിനെ കൊല്ലാനാണോ? ഏതായാലും ഇനി ചമ്മാന്‍ ഞാനില്ല എന്ന് തീരുമാനിച്ച് ഞാന്‍ ഗൗരവത്തില്‍ വീണ്ടും ചോദിച്ചു... 'എന്നാല്‍ നമുക്ക് കിടക്കാം?' 'ഞാനിത് ഇക്കായോട് പറയാനിരിക്കായിരുന്നു, വല്ലാത്ത ക്ഷീണം... നന്നായിട്ടൊന്നുറങ്ങണം' ഉറങ്ങാനോ... പടച്ചോനേ... ഉമ്മ ഉണ്ടക്കിതന്ന സുലൈമാനി വെറുതേ ആയല്ലോ... വേണ്ട, ചോദിക്കേണ്ടിയിരുന്നില്ല. അപ്പോഴേക്കും അവള്‍ കിടന്ന് പുതപ്പ് കൊണ്ട് മേലാകെ മൂടിയിരുന്നു. 'ഇക്കാ... ഉറങ്ങുംബോള്‍ എന്നെ തൊടരുതേ... തൊട്ടാല്‍ ഞാന്‍ ചവിട്ടും... അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ല, ഒരു പ്രാവശ്യം വല്ല്യുമ്മ എന്നെ കെട്ടിപിടിച്ചപ്പോ ഞാന്‍ വല്ലുമ്മയെ ചവിട്ടി താഴെയിട്ടു... വല്ല്യുമ്മയുടെ കാലൊടിഞ്ഞു എന്നിട്ട്' ഒരു നിമിഷം എന്റെ ഹ്ര്ദയം നിശ്ചലമായോ...? ഇല്ല... സ്പീഡ് കൂടിയിരിക്കുകയാണ്. അപ്പോ ആ പ്രതീക്ഷയും അവസാനിച്ചു. എനിക്കാണെങ്കില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കാഞ്ഞാല്‍ ഉറക്കം വരില്ല. കയ്യെങ്ങാനും അവളുടെ മേല്‍ തട്ടിയാല്‍... ക്രിക്കറ്റ് കളിക്കാരന്റെ പാഡ് ഉപയോഗിക്കേണ്ടി വരുമോ പടച്ചോനേ.... റിസ്കെടുക്കണോ... പിന്നെ എന്റെ പട്ടിയെടുക്കും... ഞാനാ സോഫയില്‍ പോയി സുഖമായി കിടന്നുറങ്ങി... നേരം വെളുത്തു... ക്ഷീണമെല്ലാം മാറി... അവള്‍ പുതച്ചിരുന്ന പുതപ്പ് എന്നെ പുതപ്പിച്ചിരിക്കുന്നു. ഇതെപ്പൊ സംഭവിച്ചു..? ഞാന്‍ അറിഞ്ഞില്ലല്ലോ... ബെഡ്ഷീറ്റെല്ലാം നന്നായി വിരിച്ചിരിക്കുന്നു. അപ്പൊ ഞാന്‍ വിചാരിച്ചപോലെയല്ല... അല്‍പ്പം വൃത്തിയും വെടിപ്പും ഒക്കെയുള്ള കൂട്ടത്തിലാണ്. പെട്ടിയും കാണാനില്ല. ഈ സമയത്തിനുള്ളില്‍ അതും അടുക്കി വച്ചോ... കൊള്ളാം... കുഞ്ഞു ടേബിളിന്റെ മുകളില്‍ ചായയും റെഡി... പോയിനോക്കിയപ്പോള്‍ കപ്പ് മാത്രമേയുള്ളൂ... ചായയില്ല. അപ്പോഴാണ് കപ്പിനടിയില്‍ വച്ചിട്ടുള്ള കടലാസ് ഞാന്‍ ശ്രദ്ദിക്കുന്നത്. അതൊരു എഴുത്തായിരുന്നു... ഞാന്‍ തുറന്ന് വായിച്ചു... ****** ഇക്കയെന്നോട് ക്ഷമിക്കണം... ഞാന്‍ പോകുകയാണ്... എന്റെ കാമുകന്റെ കൂടെ... അവന്‍ എന്നെ രാത്രി വിളിച്ചു... ഞങ്ങള്‍ 5 വര്‍ഷമായി പ്രണയത്തിലാണ്. ഇക്കാക്ക് തോന്നും എന്നാല്‍ പിന്നെ കല്ല്യാണത്തിന്റെ മുന്നെ പോകാമായിരുന്നില്ലേ എന്ന്... അവന് പണിയൊന്നുമില്ലയിക്കാ... ജീവിക്കാന്‍ കാശ് വേണ്ടേ... അതുകൊണ്ട് എന്റെ ഉപ്പ തന്ന സ്വര്‍ണ്ണവും ഇക്കാ തന്ന 10 പവന്‍ മഹറുമായി ഞാന്‍ പോവുകയാണ്. ഇക്ക വിഷമിക്കരുത്, ഇക്കയെ എനിക്ക് ഒരുപാടിഷടമായി. ഒരു പക്ഷേ ഞാന്‍ അവനെ കണ്ടുമുട്ടിയില്ലായിരുന്നെങ്കി ല്‍ ഇക്കായെ പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കുമായിരുന്നു. ഏതായാലും ഇക്ക ഒരു ആറ് മാസത്തേക്ക് വേറെ കല്ല്യാണമൊന്നും കഴിക്കണ്ട. അഥവാ അവന്‍ എന്നെ ഉപേക്ഷിക്കുകയാണെങ്കില്‍ ഞാന്‍ ഇക്കായുടെ അടുത്തേക്ക് തിരിച്ചുവരും, ഇക്കയെന്നെ സ്വീകരിക്കില്ലേ? എന്ന് സ്വന്തം .... ******* കത്ത് വായിച്ചുകഴിഞ്ഞപ്പോള്‍ 'ഉമ്മാ'യെന്ന് ഞാന്‍ ഉറക്കെ വിളിച്ചു. ഉമ്മ ഓടിവന്നു... കത്ത് ഉമ്മക്ക് വായിക്കാന്‍ കൊടുത്തിട്ട് ഞാന്‍ പുലമ്പാന്‍ തുടങ്ങി ' എന്തായിരുന്നു നിങ്ങള്‍ക്കെല്ലാം... 10 പവന്‍ മഹറ് കൊടുത്തില്ലേല്‍ മോശാണത്രേ... ഇപ്പോ സമാധാനായില്ലേ... ദുബായില്‍ പട്ടിണികിടന്നുണ്ടാക്കിയ കാശാ ഉമ്മാ... പറഞ്ഞത് കേട്ടില്ലേ... ആറ് മാസത്തേക്ക് കല്ല്യാണം കഴിക്കേണ്ടെന്ന്... ആറ് മാസം പോയിട്ട് ആറ് കൊല്ലത്തേക്ക് കല്ല്യാണത്തെപറ്റി ചിന്തിക്കണ്ട, ഈ കടമൊക്കെ വീട്ടിവരുംബോഴേക്കും എന്റെ ജീവിതം തീരും. (എന്റെ ശബ്ദം കേട്ട് കുടുംബക്കാരെല്ലാവരും കൂടി... ഞാന്‍ തുടര്‍ന്നു) എന്തായിരുന്നു എല്ലാര്‍ക്കും... ബിരിയാണി മാത്രം കൊടുത്താല്‍ മോശാണത്രേ... കൊഴി പൊരിച്ചത്, ബീഫൊലത്തിയത്, ഐസ്ക്രീം, പുഡ്ഡിംഗ്..... സമാധാനായില്ലെ എല്ലാര്‍ക്കും...' എന്റെ ശബ്ദം അടങ്ങിയപ്പോള്‍ അവിടെ നിശബ്ദമായി... പെട്ടെന്ന് എല്ലാവരും കൂടെ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി

... ഒന്നും മനസ്സിലാവാതെ ഞാന്‍ അന്തം വിട്ട് നില്‍ക്കുംബോള്‍ കുടുംബക്കാരുടെ ഇടയിലൂടെ ഒരു സുന്ദരി ഒരു കപ്പില്‍ ചായയുമായി വന്നു.. അതേ... ഇതവള്‍ തന്നെ... കാമുകന്റെ കൂടെ ഓടിപ്പോയവള്‍... ഉടനെ പെങ്ങളുടെ കമന്റ് വന്നു... 'അല്ല മോനേ... നീ എന്താ വിചാരിച്ചത്? നിനക്ക് മാത്രേ പറ്റിക്കാന്‍ അറിയുള്ളൂന്നോ...? ഇപ്പൊ എങ്ങനുണ്ട്... ഫുള്ള് ക്രെഡിക്റ്റ് പുതിയ പെണ്ണിനാ..

. തകര്‍ത്തഭിനയിച്ചില്ലേ...' എന്നും പറഞ്ഞ് പെങ്ങള്‍ അവളെ തോളോട് ചേര്‍ത്ത് പിടിച്ചു. ഞാനാകെ ഇളിഭ്യനായി... സങ്കടവും, ദേഷ്യവും, സന്തോഷവും എല്ലം ഒരുമിച്ച് വന്നു. 'നിങ്ങളുടെ ആദ്യരാത്രി കുളമാക്കിയതിന് ഞങ്ങളെല്ലാവരും ക്ഷമചോദിക്കുന്നു... സോറി.

.' കുടുംബക്കാരെല്ലാരുംകൂടെ ഒരുമിച്ച് പറഞ്ഞപ്പോള്‍ ഇതൊരു വെല്‍ പ്ലാന്‍ഡും വെല്‍ റിഹേര്‍സ്ഡുമായ പറ്റിക്കല്‍ പരിപാടിയായിരുന്നെന്ന് എനിക്ക് മനസ്സിലായി. 'ഇനി എല്ലാരും പിരിഞ്ഞുപോട്ടേ..
. പുതിയപെണ്ണിനും ചെക്കനും എന്തെങ്കിലും പറയാനുണ്ടാവും' ഇക്കയുടെ വകയായിരുന്നു ഓര്‍ഡര്‍.
 എല്ലാവരും വരിവരിയായി പുറത്തേക്ക് പോയി...

 കതക് അവര്‍ തന്നെയടച്ചു. ഇപ്പോള്‍ മുറിയില്‍ ഞാനും അവളും മാത്രം... ഇന്നലെ ഞാന്‍ കാണാന്‍ കൊതിച്ച നാണം ഇന്ന് അവളുടെ മുഖത്തെനിക്ക് കാണാം,,,

... അവള്‍ എന്നിലേക്കടുത്തുവന്നു... മെല്ലെ മുഖമുയര്‍ത്തി അവള്‍ പറഞ്ഞൂ... 'ചായ' ഞാന്‍ മെല്ലെ അവളുടെ കാതി
ല്‍ പറഞ്ഞു...'പല്ലുതേച്ചിട്ടില്ല' രണ്ടുപേരും ഒരുമിച്ച് ഉറക്കെ ചിരിച്ചു....   

         സ്നേഹത്തോടെ,,,,,,,,,   ഷംസുദ്ധീൻ പെരുംബട്ട, ദുബൈ